Loading…
Loading…
അരിവാൾ ചുറ്റിക നക്ഷത്രം
പ്രിയരെ,
കുറ്റ്യാടി മണ്ഡലത്തിന് വികസനത്തിൻ്റെ പുതുവസന്തം സമ്മാനിച്ച അഞ്ചു വർഷങ്ങളാണ് കടന്നുപോയത്. ജനാഭിലാഷത്തിനനുസരിച്ച് നാടിൻ്റെ വികസനം നടപ്പാക്കിയ കർമ്മനിരതനായ നമ്മുടെ സാരഥി സഖാവ് കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടുകയാണ്.
ത്രിതല പഞ്ചായത്ത് പ്രതിനിധിയായിരുന്ന കാലത്ത് ജനകീയ ഇടപെടലുകളിലൂടെ കോഴിക്കോട് ജില്ലയുടെ റോൾമോഡലായിരുന്നു മാഷ്. കർഷക നേതാവെന്ന നിലയിൽ മലയോര കർഷകരുടെ നീറുന്ന പ്രശ്നങ്ങൾ നിയമസഭയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനും പലതിനും പരിഹാരം കാണാനും സാധിച്ച ജില്ലയിലെ കർഷക നേതാവായിരുന്നു അദ്ദേഹം. സ്നേഹപൂർവ്വമായ പെരുമാറ്റത്തിലൂടെ കുറ്റ്യാടിയിലെ പൗരസമൂഹത്തിൻ്റെ ഹൃദയം കീഴടക്കിയ സഖാവ് ഏവർക്കും പ്രിയപ്പെട്ട 'കുഞ്ഞേറ്റി' മാഷാണ്.
സ്വാതന്ത്ര്യസമരകാലം മുതൽ ദേശീയപ്രസ്ഥാനം നയിച്ച വിവിധ പ്രക്ഷോഭങ്ങളുടെയും വിപ്ലവപോരാട്ടങ്ങളുടെയും വിളനിലമായിരുന്നു കുറ്റ്യാടിയും പരിസര പ്രദേശങ്ങളും. അതിൻ്റെ ചൂടും ചൂരും ഏറ്റുവാങ്ങി വിപ്ലവയുവജനപ്രസ്ഥാനത്തിൻ്റെയും കർഷകസംഘത്തിൻ്റെയും ജില്ലയിലെ അമരക്കാരനായാണ് കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ രാഷ്ട്രീയത്തിൽ സജീവമാവുന്നത്. എംഎൽഎ എന്ന നിലയിലാകട്ടെ, കഴിഞ്ഞ അഞ്ചു വർഷം കുറ്റ്യാടി മണ്ഡലത്തിലെ മുഴുവൻ കുടുംബങ്ങളുടെയും വീട്ടുകാരനായി മാറിയെന്നതാണ് മാഷിൻ്റെ വലിയ നേട്ടം. നമ്മളെല്ലാവരുടെയും സുഖത്തിലും ദുഖത്തിലും മാഷ് പങ്കാളിയായി.
2021ൽ കുറ്റ്യാടിയുടെ ജനനായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അഞ്ചുവർഷക്കാലം മണ്ഡലം നേരിട്ട വികസനസ്തംഭനാവസ്ഥക്ക് പരിഹാരമാവുന്നത്. എംഎൽഎയായി വന്ന ശേഷം വരെ അതുവരെ കടലാസ്സിൽ മാത്രം ഒതുങ്ങിയിരുന്ന കിഫ്ബി വികസന പദ്ധതികൾ ഓരോന്നായി പൊടിതട്ടിയെടുത്ത് മാഷ് പൂർത്തിയാക്കി. 1181 കോടിയിലധികമാണ് ഇക്കാലയളവിൽ വിവിധ പദ്ധതികളായി കുറ്റ്യാടിയിലേക്കെത്തുന്നത്. അങ്ങനെയാണ് കുറ്റ്യാടി ബൈപ്പാസ് എന്ന സ്വപ്നം ഇന്ന് സാക്ഷാത്കാരത്തിലെത്തി നിൽക്കുന്നത്; തുടർച്ചയായി വെല്ലുവിളികൾ നേരിട്ടിട്ടും വടകര-വില്ല്യാപ്പള്ളി-ചേലക്കാട് റോഡ് ടെൻഡർ ചെയ്യാൻ കഴിഞ്ഞത്; മുടങ്ങിക്കിടന്ന കുറ്റ്യാടി ആശുപത്രിയുടെ വികസനം പൂർത്തീകരണത്തിലേക്ക് നീങ്ങിയത്.
ഉപേക്ഷിക്കപ്പെട്ട്, കാടുപിടിച്ചുകിടന്ന പ്രദേശത്ത് മണിമല നാളികേര പാർക്ക് വികസനത്തിൻ്റെ ഒന്നാംഘട്ടം ആരംഭിച്ചതും മാഷാണ്. അഞ്ചുവർഷക്കാലത്ത് ഏഴ് കേസ്സുകൾ ഹൈക്കോടതിയിൽ നൽകി മണിയൂർ അട്ടക്കുണ്ട് കടവ് റോഡിൻ്റെ വികസനം ഈ സർക്കാറിൻ്റെ കാലത്ത് നടപ്പാക്കാൻ സമ്മതിക്കില്ലെന്നുള്ള ചില തത്പരകക്ഷികളുടെ അട്ടിമറിശ്രമത്തെ നിശ്ചയദാർഢ്യത്തോടെ നേരിട്ട് 11(1) നോട്ടിഫിക്കേഷൻ പുറത്തിറക്കിയതും മാഷിൻ്റെ നേട്ടമാണ്. ജൂൺ മാസത്തോടെ പ്രവൃത്തി ടെൻഡർ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നമ്മൾ. ഒരു പ്രവൃത്തിയും നടക്കാതിരുന്ന മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മൂന്നുതവണയായി റോഡിന് ഫണ്ടനുവദിച്ചുകൊണ്ട് ഗതാഗതയോഗ്യമാക്കാനും മാഷ് മുൻകൈയെടുത്തിരുന്നു. കുടുംബാരോഗ്യകേന്ദ്രങ്ങളുടെ വികസനവും, മണ്ഡലത്തിലെ കോളേജുകളുടെയും സ്കൂളുകളുടെയും കളിക്കളങ്ങളുടെയും പ്രവൃത്തികളും, മാഹി കനാലിൻ്റെ ഭാഗമായ മൂഴിക്കൽ ലോക്ക്-കം-ബ്രിഡ്ജ് പദ്ധതിയുമെല്ലാം കടലാസിലൊതുങ്ങാതെ യാഥാർഥ്യമായി മാറിയത് മാഷിൻ്റെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ്.
കുറ്റ്യാടി മണ്ഡലത്തിൻ്റെ മുഖഛായ മാറ്റിയ, വികസനത്തിൻ്റെ പെരുമഴക്കാലം തീർത്ത മാഷിൻ്റെ പ്രവർത്തനങ്ങൾ നാടിനാകെ അഭിമാനകരമാണ്. ഇടതുപക്ഷത്തെ വിശ്വസിച്ച് വോട്ടുനൽകിയ മണ്ഡലത്തിലെ ജനങ്ങളുടെ വിശ്വാസം കാത്ത അഞ്ചുവർഷങ്ങളാണ് കടന്നുപോയത്. നിരന്തരമായ ഇടപെടലുകളിലൂടെ നമ്മുടെ സ്വപ്നങ്ങൾ ഓരോന്നായി യാഥാർഥ്യമാക്കിയ പ്രിയപ്പെട്ട കെ. പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വീണ്ടും തിരഞ്ഞെടുത്തുകൊണ്ട് നാടിൻ്റെ മുന്നേറ്റത്തിന് തുടർച്ച നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്.